തീപ്പെട്ടിക്കമ്പുകൾ കൊണ്ട് മോഡലുകൾ നിർമിക്കാം.

വല്ലതും എഴുതാനിരുന്നിട്ട് മാസങ്ങളായി. എഴുതിയാലല്ലേ ബ്ലോഗ് ജീവനോടിരിക്കൂ. ഓരോ തവണ എഴുതുമ്പോഴും എഴുത്ത് മെച്ചപ്പെടുന്നുവെന്ന തോന്നൽ.
പ്രിയപ്പെട്ട വായനക്കാർ എന്റെ രചനകളിലൂടെ ബ്രൗസ് ചെയ്താൽ മനസ്സിലാവുന്ന ഒരു വസ്തുതയുണ്ട്. അരോചകമായ തത്വശാസ്ത്രമോ മാനസികവികാരങ്ങൾ ഉൾകൊള്ളാത്ത ലേഖനങ്ങളോ ആയിരിക്കും അവ എന്നതാണ്.
അവയിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ എന്റെ ഒരു സമയം കൊല്ലൽ ഹോബിയാണ് ഈ ലേഖനത്തിൽ ഞാൻ പരിചയപ്പെടുത്തുന്നത്. വെറുതെ ഒരു രസത്തിന് വേണ്ടി തുടങ്ങിയ ഒരു കിറുക്കാണിതെന്നു വ്യാഖ്യാനിച്ചാലും തെറ്റില്ല.
ഞാനിതെഴുതുന്നത് മധ്യാഹ്നവേളയോടടുത്ത സമയത്താണ്. ഇന്ന് ഞാൻ സ്‌കൂളിൽ പോയിട്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ സ്‌കൂൾ ലീവാക്കിയതാണ്. മഞ്ഞപ്പിത്തരോഗബാധിതനായ ഈ വിനീതൻ വിശ്രമാവശ്യത്തിന് വേണ്ടിയാണ് ലീവെടുത്തത്.
പറഞ്ഞുവരുന്നത് കഴിഞ്ഞ രണ്ടാഴ്ചത്തെ എന്റെ ജോലിയെക്കുറിച്ചാണ്. പ്രത്യേകിച്ചൊരു പണിയും ഇല്ലാതിരുന്നപ്പോൾ വീടിനടുത്ത തീപ്പെട്ടിക്കൊള്ളി നിർമാണ ഫാക്ടറിയിൽ നിന്ന് ഒഴിവാക്കിയ കൊള്ളികളെടുത്ത് വീട്ടിൽ കൊണ്ട് വന്നു.
അവ പരസ്പരം ഫെവിക്കോളുപയോഗിച്ച്  ചേർത്ത് ഒട്ടിച്ച് വിവിധ വസ്തുക്കളുടെ മോഡലുണ്ടാക്കുകയാണ് പണി. അധ്വാനം ആവശ്യമുള്ള പണിയാണ്. എന്നാൽ നിർമാണശേഷം ലഭിക്കുന്ന ചാരിതാർത്ഥ്യത്തിൽ അവ അലിഞ്ഞില്ലാതാവുന്നു.
 

നാം മനസ്സിൽക്കാണുന്ന ഏതൊരു രൂപവും ചെറിയ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമിച്ചെടുക്കാം എന്നതാണ് ഈ ഹോബിയുടെ ഹൈലൈറ്റ്. മുൻപ് ഞാനൊരു കൊച്ചു വീടുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളുടെ പ്രശംസക്ക് അത് പാത്രീഭൂതമാവുകയും ചെയ്തു. ഒരിക്കൽ സ്‌കൂൾ എക്‌സിബിഷന് ഞാനത് കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ബാഗിൽ വെച്ച് പൊട്ടിപ്പോയി. വീട്, കട്ടിൽ, പൂട്ട് തുടങ്ങി നിരവധി ചെറുകിട സാധനങ്ങൾ ഞാൻ നിർമിച്ചിട്ടുണ്ട്. വലിയ പാലങ്ങളും കെട്ടിടങ്ങളും ഞാൻ മനസിൽ കാണുകയും ചെയ്യുന്നു.

മിനിഞ്ഞാന്ന് ഞാനൊരു കാളവണ്ടിയുണ്ടാക്കി. കാളയില്ലാത്തതിനാൽ ഉന്തുവണ്ടിയായിപ്പോയി. പിന്നെ പെൻഡ്രൈവിന് മൂടി ഇല്ലാത്തതിനാൽ അത് സൂക്ഷിക്കാനൊരു ചെറിയ പെട്ടിയും. സ്‌കൂളിലെ കാര്യങ്ങൾ വിളിച്ചന്വേഷിക്കുന്നതിനിടെ എന്റെ സുഹൃത്ത് നബീൽ ഹോംവർക്ക് ആയി ചെയ്തു കൊണ്ടുവരാൻ പറഞ്ഞ ചില ത്രിഡി രൂപങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. ആ പ്രൊജെക്ടിലേക്കുള്ള സംഭാവനയായി തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഞാനൊരു ക്യുബ് ഉണ്ടാക്കുകയും ചെയ്തു.
ഇത്രത്തോളം ഞാൻ പറഞ്ഞുവന്നത് ഒരു കരകൗശലവിദ്യയെന്ന നിലയിൽ ഈ ഹോബിക്കുള്ള പ്രസക്തിയെ സൂചിപ്പിക്കാനാണ്. ഒപ്പം വായനക്കാരെ ഇതിലേക്ക് ആകർഷിക്കാനും. ഈ വിദ്യയിൽ മുൻ പരിചയമോ അഗാധപ്രാവീണ്യമോ പരിശീലനമോ ആവശ്യമില്ല എന്നതും സുവിദിതമാണ്.

ആലംബം തേടുന്നവ൪...



ഒരാഴ്ച്ച മുന്‍പ്‌ പൂനൂര്‍ ഇശാഅത്ത് സ്കൂളില്‍ പോവാന്‍ എനിക്കൊരവസരം ലഭിച്ചിരുന്നു. ജ്യേഷ്ഠത്തിയുടെ ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ സെന്‍റര്‍ അവിടെ ആയതിനാല്‍ ഞാന്‍ കൂടെ പോയതാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരീക്ഷയായതിനാല്‍, രക്ഷിതാക്കളും കൂടെ വന്നവരും പരീക്ഷാഹാളിനു പുറത്ത്‌ ധ്യാനിച്ചോ, പ്രാര്‍ഥിച്ചോ, സംസാരിച്ചോ സമയം കൊല്ലണം.

എന്തായാലും അരികിലിരുന്ന ഒരാളെ ഞാന്‍ പരിചയപ്പെട്ടു. കക്ഷി തിരുവിതാംകൂറുകാരനാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബ്രാഞ്ച് മാനേജര്‍. വിവധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കു വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ വകയായി ചായയും കടിയും കിട്ടുകയും ചെയ്തു. എങ്കിലും ഇതിലെ കേന്ദ്രകഥാപാത്രം അയാളല്ല.

സമയം ആരെയും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ ഒരായാസത്തിനു വേണ്ടി ഞാന്‍ അങ്ങാടിയിലെക്കിറങ്ങി. നട്ടുച്ച. പൊള്ളുന്ന വെയിലുണ്ട്. കേരളയാത്രയുടെ തോരണങ്ങള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. നടത്തത്തിനിടയില്‍ ശുഭ്രവസ്ത്രധാരിയായ ഒരു വൃദ്ധനെ കണ്ടു. ഊന്നു വടിയില്‍ സ്വയം താങ്ങി നില്‍ക്കുകയായിരുന്നു ആ സാധു മനുഷ്യന്‍. മുഖത്ത് പ്രസരിച്ചിരുന്ന വെളിച്ചം കണ്ടപ്പോഴേ ദുആക്ക് ഇജാബത്തുള്ളയാളാണെന്ന്‍ തോന്നി. പല്ലുകള്‍ കൊഴിഞ്ഞിരിക്കുന്നു. വെളുത്ത മുഖത്ത് പുണ്യം കരസ്ഥമാക്കാനെന്ന പോലെ താടിയുണ്ട്. കൈകളില്‍ അല്പം ഭാരമുള്ള രണ്ട് കവറുകളും.

കട്ടിപ്പാറക്കുള്ള ബസ്‌ കാത്തിരിക്കുകയാണ് അയാളെന്നു സംസാരത്തിനിടയില്‍ മനസിലായി. ഏകദേശം നൂറ്റിഅന്‍പത് മീറ്റര്‍ അകലെയാണ് ബസ്‌സ്റ്റോപ്പ്‌. അല്പം പോലും നടക്കാന്‍ വയ്യ എന്ന് വിറച്ച് കൊണ്ട് ആ മനുഷ്യന്‍ എന്നോട് പറഞ്ഞു. ഒരു ഓട്ടോ വിളിച്ച് ഞാന്‍ അദ്ദേഹത്തെ ബസ്‌സ്റ്റോപ്പിലെത്തിച്ചു. കുടുംബവിശേഷങ്ങള്‍ ആരാഞ്ഞപ്പോള്‍ ആകെയുള്ള ആണ്‍സന്താനം മഞ്ചേരിയില്‍ കരിമ്പ് ജ്യൂസ്‌ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കയാണെന്നും അയാള്‍ പറഞ്ഞു. ബസ്‌ വരുമ്പോള്‍ കയറിക്കോളൂ എന്ന് പറഞ്ഞ ശേഷം ഞാന്‍ അവിടെ നിന്നും പോയി. 

പരീക്ഷ കഴിഞ്ഞ് ഏട്ടത്തിയോടൊപ്പം ബസ്‌ കയറാനെത്തിയപ്പോഴും അയാള്‍ അവിടെയുണ്ടായിരുന്നു. അതിനിടക്ക് താമരശ്ശേരിയിലേക്കുള്ള ബസ്‌ വന്നപ്പോള്‍ ഞങ്ങളതില്‍ കയറി, അവിടം വിട്ടു.

വീട്ടിലെത്തും വരേ അയാള്‍ മനസില്‍ നിന്നും മാഞ്ഞില്ല. കട്ടിപ്പാറക്ക് അവിടന്ന് ബസ്‌ കുറവാണെന്ന് ഓട്ടോക്കാരന്‍ പറഞ്ഞിരുന്നു. ബസ്‌സ്റ്റോപ്പിന്‍റെ പകുതിച്ചുമരില്‍ എപ്പോഴോ ആഗാതമാവാനിരിക്കുന്ന ബസിനെയും കാത്ത് അയാള്‍ ഇരിപ്പുണ്ടാവും എന്ന്‍ മനസ്സ്‌ മന്ത്രിച്ചു. സഹജീവികളോട് കരുണ ചൊരിയുന്നവന്‍ ആകാശത്തുള്ളവന്‍റെ കാരുണ്യത്തിന് പാത്രീഭൂതനാവുമെന്ന് ആരോ വിളിച്ചു പറയുന്ന പോലെ തോന്നി. വീണ്ടുമൊരു കെവിന്‍ കാര്‍ട്ടര്‍ ആവാതിരിക്കാന്‍ ഹൃദയം തേടിക്കൊണ്ടിരുന്നു.

ഇന്ത്യക്കാരന് പറയാനുള്ളത്‌..





നമ്മുടെ രാജ്യം സ്വതന്ത്രമാണ്, മതേതര ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്ന റിപ്പബ്ലിക്കാണ്, വാര്‍ത്താമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് എന്നൊക്കെ ഭരണഘടനയുടെ താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന് പഴമക്കാര്‍ പറഞ്ഞപോലെ, ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ കോട്ടങ്ങളും, ന്യൂനതകളും, കേടുപാടുകളും, പട്ടുപുടവ കൊണ്ട് അലങ്കരിച്ച അതിന്‍റെ മേനിയുടെ പുറത്തേക്ക് മുഴച്ചു നില്‍ക്കുന്ന ദു:ഖകരമായ അവസ്ഥ നമ്മുടെ പ്രിയപ്പെട്ട ഇന്ത്യാമഹാരാജ്യത്ത് സംജാതമായിരിക്കുന്നു.

പൊതുഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരും, കര്‍ത്തവ്യം നിറവേറ്റാതെ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍പില്‍ തലകുനിക്കുന മന്ത്രിമാരും, ജോലി ചെയ്യാതെ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരും ഭാരതത്തിന്‍റെ ശ്രേഷ്ഠമായ പാരമ്പര്യം കളഞ്ഞു കുളിക്കുകയല്ലേ..?

ലോകരാജ്യങ്ങളിലെ ഭരണഘടനകളില്‍ വെച്ച് എഴുതപ്പെട്ട ഏറ്റവും വലിയ
ഭരണഘടന നമ്മുടേതാണെങ്കിലും കുറ്റകൃത്യങ്ങളുടെ നിരക്കിലും
നമ്മളൊട്ടും പിന്നോക്കമല്ല.


ഇന്ന് നിലവിലുള്ള ഭരണകൂടങ്ങളില്‍, മറ്റുള്ളവയെ അപേക്ഷിച്ച് സ്വീകാര്യയോഗ്യമായത്‌ ജനാധിപത്യം തന്നെ. ദൈവികമല്ലാത്ത ഒന്നും സമഗ്രമല്ലല്ലോ. മനുഷ്യബുദ്ധിയില്‍ വിരിഞ്ഞവക്ക് പിഴവുകള്‍ അന്യമല്ല. അതുകൊണ്ട് കാലത്തിനനുസൃതമായി മാറ്റങ്ങള്‍ ജനാധിപത്യ സംവിധാനത്തിലും വേണം. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

ലോക്പാല്‍ ബില്ലിന്‍റെ ലക്ഷ്യം ശ്ലാഘനീയമാണ്. അഴിമതിക്ക് തടയിടാന്‍ അത്തരമൊരു ബില്ലിന് കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് പാസാക്കപ്പെടണം. സമഗ്രവും ശക്തവുമായ ലോക്പാല്‍ ബില്‍ നിലവില്‍ വരണം.

അതേപോലെത്തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അവരെ തിരിച്ചു വിളിക്കാന്‍ അതാത് മണ്ഡലങ്ങളില്‍ ഹിതപരിശോധന നടത്തണം. കാലയവധിക്കുള്ളില്‍ എന്ത് കാട്ടിയാലും സ്ഥാനം തെറിക്കില്ല എന്ന വിശ്വാസം എടുത്തു നീക്കപ്പെടണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ അനുഭവിച്ചവരെയും, രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കണം.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ജനപ്രധിനിധികള്‍ തന്നെ മനസുവെക്കണമല്ലോ. സ്വന്തം കാല്‍പാദങ്ങള്‍ക്കടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കില്ല. ശമ്പളവര്‍ധന ബില്‍ ഐക്യകണ്ഠേന പാസാക്കുന്ന ജനപ്രതിനിധിസഭകള്‍ ഇന്ത്യക്കാരന്‍റെ മോഹങ്ങളും, ആശകളും, ആവശ്യങ്ങളും നിറവേറ്റാന്‍ വൈമനസ്യം കാണിക്കുന്നു..

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ അല്ലാമാ ഇഖ്‌ബാല്‍ എഴുതിയ “സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ” എന്ന് തുടങ്ങുന്ന സുപ്രശസ്തമായ വരികള്‍ ഇന്നത്തെ ഇന്ത്യയില്‍ ആലപിക്കാന്‍ ആത്മാഭിമാനം സമ്മതിക്കുമോ ആവോ..?