Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

വിചിന്തനം


അലയടിക്കുന്ന മഹാസമുദ്രം
അസ്തമയശോഭയില്‍ വിളങ്ങവേ
കടല്‍ക്കരയില്‍ കളിക്കുന്ന
കുരുന്നുകുസുമങ്ങളിലേക്ക്
അയാള്‍ ദൃഷ്ടികള്‍ പായിച്ചു.

വിചിന്തനത്തിന്‍റെ വിളിയാളം പോലെ
മറയുന്ന സൂര്യനെ അയാള്‍ കണ്ടു.
ഒരു ദിവസം കൂടി, തന്‍റെ
ജീവിതത്തിലേക്ക്‌ തുന്നിച്ചേര്‍ക്കപ്പെട്ടു.
ഒരില കൂടി ആയുസ്സെന്ന
വൃക്ഷത്തില്‍ നിന്ന് അടര്‍ന്നു.
കാല്‍പ്പാടുകള്‍ പതിഞ്ഞ
പാതയിലേക്ക്‌ അയാള്‍ തിരിഞ്ഞുനോക്കി.
മരുപ്പച്ചകള്‍ മരീചികയായത്
സ്മൃതിപഥങ്ങളില്‍ നിറഞ്ഞു.
റീടേക്കുകളില്ലാത്ത ജീവിതത്തെ
നിസഹായനായി പഴിച്ചു.

തന്‍റെ അവസാനപുടവയും
കമ്പോളങ്ങളില്‍ എത്തിയിട്ടുണ്ടാകാം.
ആത്മഗതം ഹൃദയഭിത്തികളില്‍
പ്രതിധ്വനികള്‍ സൃഷ്ടിച്ചു.

ചുറ്റുമുള്ള മനുഷ്യരൂപങ്ങള്‍ അകന്നപ്പോള്‍,
കടല്‍ക്കരയില്‍ അന്ധകാരം പരന്നപ്പോള്‍,
ഓര്‍മ്മകളുടെ ആഴിക്ക്‌
സ്നേഹതീരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത
ആത്മാവിനെ അയാള്‍ തിരികെ വിളിച്ചു.
നിസഹായനായ ആത്മാവിനോട്
മനസ്സാക്ഷി ആരാഞ്ഞു:
“ജീവിതത്തില്‍ താങ്കളെന്തു നേടി?”

ആര്‍ദ്രമായ ഓര്‍മ്മകള്‍



സൗഹൃദത്തിന്‍റെ കണ്ണികള്‍ 
വീണ്ടും ഒന്നുചേര്‍ന്നപ്പോള്‍
കഴിഞ്ഞ വസന്തത്തെക്കുറിച്ചുള്ള
സ്മരണകള്‍ തിരയടിച്ചു.
കോരിച്ചൊരിഞ്ഞിരുന്ന പേമാരികള്‍
മനോമുകുരങ്ങളില്‍ വീണ്ടും
പെയ്തിറങ്ങി.
മഴത്തുള്ളികള്‍ തീര്‍ത്തിരുന്ന
മഴവില്ലുകള്‍ ചിന്താധാരയെ
നൊമ്പരപ്പെടുത്തി.

ഫുട്ബോള്‍ കളിക്കിടെ
വെള്ളം തെറിപ്പിച്ചതും,
തോട്ടിന്‍ കരയിലൂടെ
സ്കൂളിലേക്ക് നടന്നതും,
കുടകളുടെ ബ്രാന്‍ഡുകള്‍
മുന്‍നിര്‍ത്തി പൊങ്ങച്ചം പറഞ്ഞതും
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്
ഫ്രൈമുകളിലേക്ക് കുടിയേറിയത്
ഞങ്ങള്‍ അറിയാന്‍ മറന്നു.

എ.സി കാറുകളും
ഫ്രീ ഹോം ഡെലിവറിയും
നനുത്ത സഞ്ചാരങ്ങളെ
ഹൃദയ നെല്‍വരമ്പിലേക്ക്
പറിച്ചു നട്ടു.

സുഹൃത്തുക്കള്‍ പിരിയവേ
പൊഴിഞ്ഞു വീണ
നീര്‍ത്തുള്ളികള്‍ക്ക് പറയാന്‍
ആയിരം നാവുണ്ടായിരുന്നു.