വിചിന്തനം


അലയടിക്കുന്ന മഹാസമുദ്രം
അസ്തമയശോഭയില്‍ വിളങ്ങവേ
കടല്‍ക്കരയില്‍ കളിക്കുന്ന
കുരുന്നുകുസുമങ്ങളിലേക്ക്
അയാള്‍ ദൃഷ്ടികള്‍ പായിച്ചു.

വിചിന്തനത്തിന്‍റെ വിളിയാളം പോലെ
മറയുന്ന സൂര്യനെ അയാള്‍ കണ്ടു.
ഒരു ദിവസം കൂടി, തന്‍റെ
ജീവിതത്തിലേക്ക്‌ തുന്നിച്ചേര്‍ക്കപ്പെട്ടു.
ഒരില കൂടി ആയുസ്സെന്ന
വൃക്ഷത്തില്‍ നിന്ന് അടര്‍ന്നു.
കാല്‍പ്പാടുകള്‍ പതിഞ്ഞ
പാതയിലേക്ക്‌ അയാള്‍ തിരിഞ്ഞുനോക്കി.
മരുപ്പച്ചകള്‍ മരീചികയായത്
സ്മൃതിപഥങ്ങളില്‍ നിറഞ്ഞു.
റീടേക്കുകളില്ലാത്ത ജീവിതത്തെ
നിസഹായനായി പഴിച്ചു.

തന്‍റെ അവസാനപുടവയും
കമ്പോളങ്ങളില്‍ എത്തിയിട്ടുണ്ടാകാം.
ആത്മഗതം ഹൃദയഭിത്തികളില്‍
പ്രതിധ്വനികള്‍ സൃഷ്ടിച്ചു.

ചുറ്റുമുള്ള മനുഷ്യരൂപങ്ങള്‍ അകന്നപ്പോള്‍,
കടല്‍ക്കരയില്‍ അന്ധകാരം പരന്നപ്പോള്‍,
ഓര്‍മ്മകളുടെ ആഴിക്ക്‌
സ്നേഹതീരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത
ആത്മാവിനെ അയാള്‍ തിരികെ വിളിച്ചു.
നിസഹായനായ ആത്മാവിനോട്
മനസ്സാക്ഷി ആരാഞ്ഞു:
“ജീവിതത്തില്‍ താങ്കളെന്തു നേടി?”

1 comment:

  1. നാന്നായിട്ടുണ്ട്...
    കൂടുതല്‍ എഴുതുക...
    എല്ലാ ആശംസകളും....

    (കമന്റിന്റെ വേര്‍ഡ്‌ വേരിഫികേശന്‍ ഒഴിവാക്കുക)

    ReplyDelete

ആക്ഷേപങ്ങളോ ഉപദേശങ്ങളോ തോന്നുന്നുവെങ്കില്‍ ഇവിടെ കുറിച്ചോളൂ..
പിഴവുകള്‍ തിരുത്തപ്പെടേണ്ടതല്ലേ?