യാന്ത്രികമാവുന്ന മനുഷ്യജീവിതങ്ങള്‍


ലക്ഷ്യബോധമില്ലാതെ വിലപ്പെട്ട സമയം തള്ളിനീക്കുന്നവരെ കണ്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
ഫലപ്രദമായി ഓരോ നിമിഷവും വിനിയോഗിക്കുന്നവര്‍ക്കല്ലേ
ആത്യന്തികവിജയം?

നാടിനും സമൂഹത്തിനും ഉപകാരപ്പെടാതെ യന്ത്രസമാനമായ ജീവിതം നയിച്ചവര്‍, കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ കടന്നു പോവുന്നു.

ഭാവിയില്‍ ആകര്‍ഷകമായ വല്ലതും കാത്തിരിക്കുന്നുവെങ്കില്‍, അതിന്‍റെ വരവും ആഗ്രഹിച്ചിരിക്കുന്നതില്‍ ഒരു കാത്തിരിപ്പിന്‍റെ സുഖമുണ്ട്. മോഹങ്ങളും, ആശകളും, വാഗ്ദാനങ്ങളും, ആത്മസംതൃപ്തിയും ജീവിതത്തിന് വര്‍ണങ്ങള്‍ നല്ക്കുന്നു.

എന്തുതന്നെയായാലും നിരീശ്വര-യുക്തി വാദികളുടെ വഴി മനുഷ്യദൗര്‍ബല്യങ്ങളുടെ നേര്‍ക്കാഴ്ചയായി നിലകൊള്ളുന്നു. അത്ഭുതകരമായ പ്രതിഭാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രപഞ്ചത്തിന്‍റെ ആകാരവും സൃഷ്ടിപ്പും എന്ത് കൊണ്ടാണവരെ ചിന്തിപ്പിക്കാത്തത്‌?

ഈ ലോകത്തിന്‍റെ ഉല്‍പ്പത്തിക്കും, സംവിധാനത്തിനും, സകലമാന ഗോളങ്ങളുടെ കറക്കത്തിനും, പിന്നില്‍ ഒരിക്കലും നശിക്കാത്ത ഒരു മഹാശക്തിയുണ്ടെന്നത് വെറും കെട്ടുകഥയോ ഭാവനയോ അല്ല എന്നത് ഏതൊരു വ്യക്തിക്കും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന വസ്തുതയാണ്.

മനുഷ്യബുദ്ധിയുടെ പരിമിതിക്കുള്ളില്‍ നിന്ന് ദൈവത്തിന്‍റെ ജീവചരിത്രം എഴുതാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ.? സ്വര്‍ണം തൂക്കുന്ന തുലാസില്‍ ക്വിന്‍റല്‍ചാക്ക് വെച്ചാല്‍ എങ്ങനിരിക്കും?

തന്‍റെ കൊച്ചുബുദ്ധിക്കുള്ളില്‍ ഒതുങ്ങാത്തതിനെ നിഷേധിക്കുന്ന ദുരഭിമാനത്തിനെ പറിച്ചെറിയാന്‍ മനുഷ്യന്‍ തയാറാകാത്ത പക്ഷം അവന്‍ നൈമിഷികമായ മരീചികകള്‍ക്ക് പിന്നാലെ  ഓടിക്കൊണ്ടിരിക്കും.
സകലതും നേടിയെടുക്കാനുള്ള വ്യഗ്രതക്കിടയില്‍ ഒരിക്കല്‍ പരാജിതനായി അവന്‍ തിരശ്ശീലക്കപ്പുറത്തുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് എറിയപ്പെടും.

1 comment:

ആക്ഷേപങ്ങളോ ഉപദേശങ്ങളോ തോന്നുന്നുവെങ്കില്‍ ഇവിടെ കുറിച്ചോളൂ..
പിഴവുകള്‍ തിരുത്തപ്പെടേണ്ടതല്ലേ?